കൊച്ചി: നഗരമധ്യത്തിൽ പ്രതിശ്രുതവധുവിനെ തെരുവിലിട്ട് ക്രൂരമായി മർദിച്ച യുവാവിനെതിരേ മരട് പോലീസ് കേസെടുത്തു. പൂണിത്തുറ സ്വദേശി അരുൺ എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ചികിത്സ തേടിയ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ഇയാൾ ഒളിവിലാണ്. പ്രതിയ്ക്കായി തിരച്ചിൽ നടത്തുകയാണെന്ന് മരട് പോലീസ് അറിയിച്ചു.
അരുൺ യുവതിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു.
ബുധനാഴ്ച പുലർച്ചെ നാലരയോടെ വൈറ്റില ജനതാ റോഡിലാണ് സംഭവം. ഒരു യുവതി നടന്നുവരുന്നതും പിന്തുടർന്നു വന്ന യുവാവ് യുവതിയെ ക്രൂരമായി മർദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനൊപ്പം പുരുഷൻമാർ എന്ന് തോന്നിപ്പിക്കുന്ന മറ്റു നാലുപേരും ഉണ്ടായിരുന്നു. ഇവരെ നിലവിൽ പ്രതി ചേർത്തിട്ടില്ല.
അരുണുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായാണ് പറയപ്പെടുന്നത്. അരുണിനോട് അനുവാദം ചോദിക്കാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി തിരികെ വന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ഇത് പിന്നീട് മർദനത്തിൽ കലാശിക്കുകയുമാണ് ചെയ്തത്. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോൾ പരാതിയില്ലെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പിന്നീട് യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡ്മിറ്റായതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.
Beat it before tying and check will be inside.